എറണാകുളം : സിനിമ നെഗറ്റീവ് റിവ്യൂകളില്‍ കോടതിക്ക് ഇടപെടാൻ പരിമിതികൾ ഉണ്ടെന്ന് അഡ്വക്കേറ്റ് ബിനോയ് കടവൻ. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുമ്പും ശേഷവും നെഗറ്റീവ് റിവ്യൂ നൽകി വ്യവസായത്തെ തകർക്കുന്നു എന്ന പരാതി ഉന്നയിച്ചു സംവിധായകൻ മുബീൻ റൗഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അമികസ്ക്യുറിയെ നിയമിക്കുകയും സത്യവാങ്മൂലം നൽകാൻ നിർദേശിക്കുകയും ചെയ്‌തു.
മലയാള സിനിമയെ തകർക്കുന്ന തരത്തിൽ റിവ്യൂ ബോംബിങ് സംഭവിക്കുന്നുണ്ടെന്നും ഗുരുതരമായ ഈ പ്രശ്‌നം സിനിമ വ്യവസായത്തെ തകർക്കുന്നുവെന്നും അമികസ്ക്യുരി കോടതിയെ അറിയിച്ചു. തുടർന്ന് ചാവേർ അടക്കമുള്ള ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ നെഗറ്റീവ് റിവ്യൂ നൽകുന്ന യൂട്യൂബർമാർക്ക് എതിരെ ശക്തമായി പ്രതിഷേധിച്ചു.
ആൻസൺ പോൾ നായകനായ റാഹേൽ മകൻ കോര എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ പ്രചരിക്കുകയുണ്ടായി. ഈ പ്രവണതക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് സംവിധായകൻ ഉബൈനി വീണ്ടും രംഗത്തെത്തി. സിനിമ മേഖലയിലെ പ്രതിഷേധം ശക്തമായതോടെ കോടതി പ്രശ്‌നം കൂടുതൽ ഗൗരവമുള്ളതായി പ്രഖ്യാപിച്ചു. തുടർന്ന് ഒക്ടോബർ 25ന് പൊലീസ് കോടതിയിൽ റിവ്യൂ ചെയ്‌ത് സിനിമയെ നശിപ്പിക്കുന്നവർക്കെതിരെ ഒരു പ്രോട്ടോകോൾ സംഹിത പരിഗണനക്കായി കോടതിയിൽ സമർപ്പിച്ചു.
ആർട്ടിക്കിൾ 19 പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഇന്ത്യ മഹാരാജ്യത്ത് സിനിമ റിവ്യൂ പറയുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കാൻ ആകും. അതിന് വ്യക്തമായ ഉത്തരം നൽകുകയാണ് അഡ്വ. ബിനോയ് കടവൻ. നിരവധി മലയാള സിനിമകളുടെ പകർപ്പ് അവകാശ നിയമവഴികൾ കൈകാര്യം ചെയ്‌ത പരിചയമുള്ള വ്യക്തിയാണ് അഡ്വക്കേറ്റ് ബിനോയ് കടവൻ. മലയാള സിനിമാ മേഖലയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.
ഇന്ത്യൻ ഭരണഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യം ഒരു അബ്‌സല്യൂട്ട് റൈറ്റ് അല്ല. അപകീർത്തിപ്പെടുത്തുന്ന തരത്തിലും സമൂഹത്തിനെതിരെയും രാജ്യ സുരക്ഷക്കെതിരെയും ഒക്കെ സംസാരിക്കുന്നതിന് വിലക്കുണ്ട്. അഡ്വക്കേറ്റ് ബിനോയ് കടവന്‍റെ അഭിപ്രായ പ്രകാരം മലയാള സിനിമയുടെ റിവ്യൂ സംസ്‌കാരം ആകപ്പാടെ മാറിയിട്ടുണ്ട്. ഒരു സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും കൈകാര്യം ചെയ്യുന്ന രീതികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു.
എന്നാൽ ആധുനികകാലത്ത് പെട്ടെന്ന് പേരെടുക്കാനും ചാനലുകൾ പെട്ടെന്ന് ജനശ്രദ്ധ ആകർഷിക്കാനും ഇത്തരത്തിൽ സിനിമയെ അപകീർത്തിപ്പെടുത്തി ചിലർ സംസാരിക്കുന്നു. ജനുവിൻ റിവ്യൂകൾ ഈയൊരു സമയത്ത് ജനങ്ങൾ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണെന്നും സിനിമയെ തകർക്കാൻ ആ പ്രോഡക്റ്റ് മോശമാണെന്ന് പറയുന്ന പ്രവണതയ്‌ക്കെതിരെ ഒരു ബദൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിനനുസരിച്ച് നമ്മുടെ നിയമ സംഹിതകളും മാറിക്കൊണ്ടിരിക്കും. ഇത്തരത്തിലുള്ള മനപ്പൂർവമായ പ്രവണതകൾക്കെതിരെ കോടതി തീർച്ചയായും നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. റിവ്യൂകൾക്കെതിരെ മാത്രം കോടതി നിയമ നടപടി എടുത്താൽ മതിയാകില്ല. ഐടി ആക്‌ടിലെ നിയമങ്ങൾ മുഖേന ഇതൊക്കെ ഷെയർ ചെയ്യുന്നതും തടയണം.
സംവിധായകർ കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരം മൂന്നു മുതൽ ഏഴു ദിവസങ്ങൾക്ക് അപ്പുറം ആയിരിക്കണം സിനിമയുടെ റിവ്യൂ പ്രസിദ്ധീകരിക്കേണ്ടത് എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കോടതിക്ക് അത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ സാധിക്കുകയില്ല.