എറണാകുളം : കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറി ആരോപണത്തിൽ എക്സൈസ് എൻഫോഴ്സ്മെന്‍റ് അഡീഷണൽ കമ്മിഷണർ അന്വേഷണം തുടങ്ങി.
എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് അന്വേഷണം. ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്ത് ബുധനാഴ്‌ച തന്നെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
Read More:കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറി: അന്വേഷണത്തിന് ഉത്തരവിട്ട് എക്‌സൈസ് കമ്മിഷണര്‍
കേസിൽ എക്സൈസിന്‍റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചോയെന്ന് അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്ന് എൻഫോഴ്സ്മെന്‍റ് അഡീഷണൽ കമ്മിഷണർ അബ്ദുൾ റാഷി പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്നും അദ്ദഹം അറിയിച്ചു.
മാരകമായ എം.ഡി.എം.എ ലഹരിമരുന്നുമായി പിടിയിലായ ഏഴംഗ സംഘത്തിലുള്‍പ്പെട്ട ഒരു സ്ത്രീയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് വിവാദമായത്.
എം.ഡി.എം.എ കണ്ടെത്തിയ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് രണ്ട് സ്ത്രീകൾ മയക്കുമരുന്നെന്ന് സംശയിക്കുന്ന പൊതിയൊളിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഈ ദൃശ്യങ്ങളിലുള്ള ഒരാളെയാണ് പ്രതിപ്പട്ടികയിൽ നിന്ന് എക്സൈസ് ഒഴിവാക്കിയത്.
Also Read : മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടിയെന്ന് എം.വി ഗോവിന്ദൻ
84 ഗ്രാം എം.ഡി.എം.എ ലഹരിമരുന്ന് കണ്ടെത്തിയത് മാത്രമാണ് എക്‌സൈസ് രേഖപ്പെടുത്തിയത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനനത്തിൽ കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.
എന്നാൽ ഇതിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്താത്തതാണ് വിവാദമായത്. കൂടുതൽ മയക്കുമരുന്ന് പ്രതികൾ കൈവശം വച്ചതിന് തെളിവില്ലെന്നാണ് എക്സൈസ് എൻഫോഴ്സ്മെന്‍റിന്‍റെ നിലപാട്.
എന്നാൽ പ്രതികളെ രക്ഷിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് വ്യക്തമായതോടെയാണ് എക്സൈസ് എറണാകുളം സോണൽ ക്രൈം ബ്രാഞ്ച് വിഷയത്തിൽ അന്വേഷണം തുടങ്ങിയത്.
അതേസമയം എക്സൈസ് അഡീഷണൽ കമ്മിഷണർ നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അച്ചടക്ക നടപടി ഉണ്ടാകാനാണ് സാധ്യത.