എറണാകുളം : സർക്കാരിനെതിരായ അദാനി ഗ്രൂപ്പിന്‍റെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ മാസം ഒന്നിന് വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് മതിയായ പൊലീസ് സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമാണം നിലച്ചെന്നാണ് അദാനി ഗ്രൂപ്പ് ഹർജിയിൽ പറയുന്നത്. ഹർജി ജസ്റ്റിസ് അനു ശിവരാമൻ ഇന്ന് പരിഗണിക്കും. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നുമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.
തുറമുഖ നിർമാണ പദ്ധതി തടസപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ സമരക്കാരുമായി സർക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. നിലവിൽ നിരാഹാര സമരം തുടരുന്ന പ്രതിഷേധക്കാർ ആറാം ഘട്ട സമരത്തിലേക്കും കടക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനം പുനരാരംഭിക്കാനായി മതിയായ സുരക്ഷ നൽകിയില്ലെന്നാരോപിച്ചുള്ള അദാനി ഗ്രൂപ്പിന്‍റെ ഹർജി.