എറണാകുളം: വിമാന യാത്രയിൽ സഹയാത്രികൻ അപമര്യാദയോടെ പെരുമാറിയെന്ന യുവ നടിയുടെ പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് (Actress Complaint police intensified investigation). വിമാന കമ്പനിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി. സംഭവ ദിവസം വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും.
ആരോപണ വിധേയനായ ആന്‍റോയെന്ന യാത്രക്കാരനെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം ആന്‍റോ മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ല സെഷന്‍സ് കോടതിയെ സമീപിച്ചു. സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണുണ്ടായതെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
മുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയിൽ സഹയാത്രികൻ അപമര്യാദയോടെ പെരുമാറിയെന്ന യുവ നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് യാത്രക്കാരനെ പൊലീസ് വിളിപ്പിച്ചത്. നെടുമ്പാശ്ശേരി പൊലീസിൽ നടി ഇമെയിൽ വഴി പരാതി നൽകിയതിനെ തുടർന്ന് നടിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ നടി അവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
വിമാനത്തിലെ 12C സീറ്റിൽ ഇരുന്ന ഒരു യാത്രക്കാരൻ സീറ്റിന്‍റെ സ്ഥാനം സംബന്ധിച്ച് യുക്തിയില്ലാതെ തർക്കം ആരംഭിക്കുകയും അപമര്യാദയോടെ പെരുമാറുകയും, ശരീരത്തിൽ സ്‌പർശിച്ചതായും പരാതിയിൽ ആരോപിക്കുന്നു. മുബൈ കൊച്ചി എയർ ഇന്ത്യ വിമാനത്തിന്‍റെ യാത്ര രേഖകൾ ഉൾപ്പെടെ പരാതിയോടൊപ്പം നടി സമർപ്പിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലുടെ നടി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കു വെച്ചത്.
നടി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്: മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ എ ഐ 681 വിമാനത്തിൻ അഭിമുഖീകരിച്ച അസ്വസ്ഥജനകമായ സംഭവം ശ്രദ്ധയിൽപ്പെടുത്തുകയാണ്, നിങ്ങളുടെ പിന്തുണ ആവശ്യമാണന്നും നടി ആവശ്യപ്പെട്ടു. മദ്യപിച്ചെത്തിയ ഒരു സഹയാത്രികൻ വിമാനയാത്രക്കിടെ തന്നെ ശല്യപ്പെടുത്തിയതായി നടി ആരോപിച്ചു. യാത്രക്കിടെ തന്നെ സംഭവം എയർ ഹോസ്റ്റസിനോട് റിപ്പോർട്ട് ചെയ്‌തിട്ടും, ടേക്ക്ഓഫിന് തൊട്ടുമുമ്പ് എന്നെ മറ്റൊരു സീറ്റിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് അവർ ചെയ്‌തത്.
കൊച്ചി എയർപോർട്ടിൽ ഇറങ്ങിയ ശേഷം പ്രശ്‌നം എയർപോർട്ട് അധികൃതരെയും എയർലൈൻ അധികൃതരെയും അറിയിക്കുകയും അവർ തന്നെ എയർപോർട്ടിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ പരാതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന് പരാതി നൽകുകയും ചെയ്‌തു.
യാത്രക്കാരുടെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും, ഉചിതമായ നടപടികൾ കൈക്കൊള്ളാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്യാൻ നിങ്ങളുടെ പിന്തുണ ആവശ്യമാണെന്നും സമൂഹ മാധ്യമ പോസ്റ്റിൽ നടി വ്യക്തമാക്കിയിരുന്നു.
ALSO READ: വിമാന യാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍
ALSO READ: വിമാനത്തിൽ സഹയാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം ; നാഗ്‌പൂരിൽ 32 കാരൻ അറസ്റ്റിൽ