എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ദിലീപിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്. ഇതിനിടെ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.എന്നാല്‍ ദിലീപ് കോടതിയില്‍ ഹാജരായില്ല. ദൃശ്യങ്ങള്‍ പരിശോധിക്കാൻ കേരളത്തിനു പുറത്തുള്ള വിദഗ്ധരെയാണ് സമീപിക്കുന്നതെന്നും ഇതിനായി രണ്ടാഴ്ച സമയം നല്‍കണമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതേ സമയം തെളിവുമായി ബന്ധപ്പെട്ട കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ നല്‍കണമെന്ന ദിലീപിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ദൃശ്യങ്ങള്‍ ഉള്‍പ്പടെ 32 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേസുമായി ബന്ധമില്ലാത്തവരെയടക്കം പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രേഖകള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ദിലീപിന് കൈമാറാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്ക് ചൂണ്ടിക്കാട്ടി ദിലീപ് കോടതിയില്‍ അവധി അപേക്ഷ നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കപ്പെട്ട ഒമ്പതാം പ്രതി സനല്‍കുമാര്‍ ഇന്നും ഹാജരാകാത്തതിനെത്തുടര്‍ന്ന് ജാമ്യക്കാരെ വിളിച്ചുവരുത്തിയ കോടതി 11 ന് സനല്‍കുമാറിനെ ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കി. അല്ലാത്ത പക്ഷം 80,000 രൂപ വീതം പിഴയടക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസിലെ പ്രതികളായ മാര്‍ട്ടിന്‍,പ്രദീപ്,വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി.