എറണാകുളം : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിത നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ മറുപടി.
ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ട് തവണ തുറക്കപ്പെട്ടു. 2018 ജനുവരി 9 നും, ഡിസംബർ 13 നുമാണ് മെമ്മറി കാർഡ് ആക്‌സസ് ചെയ്‌തത്.
Also Read നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്
ഇക്കാര്യം സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്.എസ്.എൽ ഡയറക്‌ടറുടെ റിപ്പോർട്ടും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. മെമ്മറി കാർഡും അനുബന്ധ ഫയലുകളും 2018 ഡിസംബർ 13 ന് മുൻപ് പലതവണ ആക്‌സസ് ചെയ്യപ്പെട്ടിരിക്കാം എന്നും പ്രോസിക്യൂഷൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ദിലീപിന്‍റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.