എറണാകുളം:നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻ ലാൽ ഹാജരാക്കാത്തതിനെ തുടർന്ന് വിചാരണ ഇന്ന് തുടങ്ങാനായില്ല.വിപിൻ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇയാളെ 23 ന് ഹാജരാക്കണമെന്ന് കോടതി വീണ്ടും നിർദേശം നൽകി. ഇതേ തുടർന്ന് ഇയാൾക്കെതിരെ കോടതി വീണ്ടും അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ജുഡീഷ്യൽ കസ്‌റ്റഡിഡിയിൽ കഴിയുന്ന പ്രതിയെ ക്രിമിനൽ നടപടി പ്രകാരം മാപ്പുസാക്ഷിയാക്കുമ്പോൾ വിചാരണ പൂർത്തിയാകും വരെ ജുഡീഷ്യൽ കസ്‌റ്റഡിഡിയിൽ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ മറ്റൊരു കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് വിപിൻ ലാലിനെ ജയിൽ മോചിതനാക്കുകയായിരുന്നു. വിപിൻ ലാലിനെ വിട്ടയച്ച ജയിൽ അധികൃതരുടെ നടപടി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിൽ ബുധനാഴ്‌ചയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ദിലീപിന്‍റെ ജാമ്യം ദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരിഗണിച്ചില്ല. അതേസമയം നീണ്ട ഇടവേളയ്‌ക്ക് ശേഷം വിചാരണ നാളെ പുനരാരംഭിക്കും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂട്ടർ എ.സുരേഷൻ രാജി വച്ചതിനെ തുടർന്നായിരുന്നു കേസിൽ വിചാരണ മുടങ്ങിയത്. കോടതി നിർദേശപ്രകാരം പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചാണ് വിചാരണ പുനരാരംഭിക്കുന്നത്.
നടി കാവ്യാ മാധവന്‍റെ സഹോദരനെയും ഭാര്യയെയും നാളെ വിസ്‌തരിക്കും. കാവ്യമാധവനെ ഈ മാസം ഇരുപത്തിയെട്ടിന് വിസ്‌തരിക്കും. 116 സാക്ഷികളെയാണ് വിചാരണയുടെ ഭാഗമായി ഇനി വിസ്‌തരിക്കുക. മാര്‍ച്ച് 17നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.