എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി നിർണായക നീക്കങ്ങളുമായി ക്രൈം ബ്രാഞ്ച്. നടൻ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു. ദിലീപ് നൽകിയ മൊഴികളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം.
നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കണ്ടിട്ടില്ല, ബാലചന്ദ്രകുമാറിന്‍റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ല, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല, തുടങ്ങിയ നിലപാടിൽ ദിലീപ് ഇന്നും ഉറച്ചുനിന്നതോടെയാണ് ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ വീണ്ടും ചോദ്യം ചെയ്തത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ.
Also Read: ദിലീപിനെ ഇന്നും ചോദ്യം ചെയ്യും; ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍
ദിലീപിന്റെ വീട്ടിൽവച്ച് ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യം തീർക്കുകയാണ് ബാലചന്ദ്രകുമാറെന്നാണ് ദിലീപിന്റെ ആരോപണം. അതേസമയം ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിന്റെ ചോദ്യംചെയ്യൽ എട്ടാം മണിക്കൂറിലും തുടരുകയാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്തത്.