എറണാകുളം : നടിയെ ആക്രമിച്ച കേസിൽ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് അന്വേഷണ സംഘം എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചു. കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ ആവശ്യവുമായി കോടതിയെ സമീപ്പിച്ചത്.
ലക്ഷ്യം മൊഴിമാറ്റുന്ന സാഹചര്യം തടയുക
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ട്, ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചത്. കേസിന്‍റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന ഈ മൊഴികൾ ബാലചന്ദ്രകുമാർ മാറ്റുന്ന സാഹചര്യം തടയുകയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിലൂടെ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്‍റെ മൊഴിയും ഫോൺ ഉൾപ്പടെയുള്ള തെളിവുകളും വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു.
ALSO READ: ഇടപ്പള്ളിയിൽ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു, പ്രതി പിടിയിൽ
അതേസമയം, പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിചാരണ കോടതിയും നിർദേശിച്ചിരുന്നു. ജനുവരി 20 നകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം നിർത്തിവയ്ക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജിയും 20 ന് കോടതി പരിഗണിക്കും.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടരന്വേഷണത്തിന് പ്രത്യേകമായ അനുമതിയുടെ ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഈ വിഷയത്തിൽ തീരുമാനമെടുക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. തുടരന്വേഷണത്തിന്‍റെ ഭാഗമായി കൂടിയാണ് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.