എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവൻ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് നാളെ (11.04.22) ഹാജരാകില്ല. എത്താന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കി.തിങ്കളാഴ്‌ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്.
കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി നടന്‍ ദിലീപിന്‍റെയും സഹോദരീ ഭര്‍ത്താവ് ടിഎന്‍ സൂരജിന്‍റെയും ഫോണുകളില്‍ നിന്നും പിടിച്ചെടുത്ത ശബ്‌ദരേഖകളില്‍ കേസില്‍ കാവ്യയുടെ പങ്ക് വെളിപ്പെത്തുന്ന തരത്തില്‍ സൂചനയുണ്ടായിരുന്നു. സൂരജും സുഹൃത്ത് ശരത്തും നടത്തിയ ഫോണ്‍ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
ഇതില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കില്ലെന്നും കാവ്യയും സുഹൃത്തുക്കളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അതിന് തിരിച്ച് പണി കൊടുത്തതാണെന്നും വ്യക്തമാക്കുന്നുണ്ട്. ദിലീപ് സുഹൃത്ത് ബൈജു ചെങ്ങമനാടുമായി സംസാരിച്ച ഫോണ്‍ സംഭാഷണത്തിലും ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ല, മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ സംരക്ഷിച്ച് കൊണ്ടുപോയി നമ്മള്‍ ശിക്ഷിക്കപ്പെട്ടുവെന്നും ദിലീപിന്‍റെതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഈ ശബ്‌ദരേഖകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലും കാവ്യയെ ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയിരുന്നു.