എറണാകുളം: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതിക്കായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു.
അപേക്ഷ പരിഗണിച്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്താൻ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇത് ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം അടക്കമുളള വകുപ്പുകള്‍ നിലനിർത്താൻ കഴിയുന്ന ശക്തമായ തെളിവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ALSO READ: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോൺ; രോഗികളുടെ എണ്ണം 280 ആയി
സാക്ഷിവിസ്‌താരത്തിനിടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പല സാക്ഷികളും വിചാരണ കോടതിയില്‍ കൂറുമാറിയത് പ്രോസിക്യൂഷന് വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അദ്ദേഹത്തിന്‍റെ മൊഴിയും ഫോൺ ഉൾപ്പടെയുള്ള തെളിവുകളും വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു.
അതേസമയം പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിചാരണ കോടതിയും നിർദേശിച്ചിരുന്നു. ജനുവരി ഇരുപതിനകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസിൽ സാക്ഷിവിസ്‌താരം നിർത്തിവെക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജിയും ഇരുപതാം തീയതി കോടതി പരിഗണിക്കും.