കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനൽകുമാർ എന്നിവർ ഒഴികെയുള്ള എട്ട് പ്രതികളാണ് ഇന്ന് കോടതിയിൽ ഹാജരായത്. ജാമ്യത്തിൽ കഴിയുന്ന ഒമ്പതാം പ്രതി സനൽകുമാർ അനുമതിയില്ലാതെ ഹാജരാകാത്തതിനെ തുടർന്ന് ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. എന്നാൽ ദിലീപ് നേരത്തെ കോടതിയുടെ അനുമതി വാങ്ങിയിരുന്നു. ജയില്‍ മാറണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മണികണ്ഠന്‍ നല്‍കിയ കത്ത് കോടതി തള്ളി. നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കത്ത് തള്ളിയത്.
കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗം വാദമാണ് ഡിസംബർ മൂന്നിന് തുടങ്ങുക. പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിരുന്നു. വിചാരണക്ക് മുമ്പുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ഇന്ന് കേസ് പരിഗണിച്ചത്. വിചാരണക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ, സുപ്രീം കോടതി കഴിഞ്ഞ ദിവസം നീക്കുകയും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന വിചാരണയാണ് ഇന്ന് തുടങ്ങിയത്. കേസ് പരിഗണിക്കുന്ന വേളയില്‍ പ്രതികള്‍ ഹാജരാകണമെന്നുണ്ടെങ്കിലും എട്ടാം പ്രതിയായ ദിലീപ് വിദേശത്തായതിനാലാണ് ഇന്ന് കോടതിയില്‍ എത്താതിരുന്നത്. കേസില്‍ കോടതി കുറ്റം ചുമത്തി, കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിന് മുന്നോടിയായി വിശദമായ വാദം കേള്‍ക്കലാണ് ആദ്യ നടപടി. എന്നാല്‍ മുഴുവന്‍ പ്രതികളും ഹാജരാകാത്ത സാഹചര്യമായതിനാല്‍ അത്തരം നടപടികളിലേക്ക് ഇന്ന് കോടതി കടന്നില്ല.
വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം വനിതാ ജഡ്ജി ഉള്‍പ്പെടുന്ന സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രാരംഭ നടപടികള്‍ക്ക് വിചാരണ കോടതി തുടക്കമിട്ടിരുന്നു. എന്നാല്‍ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെ കേസില്‍ വിചാരണ സ്റ്റേ ചെയ്തിരുന്നു. ഒടുവില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനൊപ്പം വിചാരണ തുടരാമെന്നും വ്യക്തമാക്കി. വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് സാധ്യത.