എറണാകുളം : നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരുടെ സ്വാധീനത്താൽ കേസ് അവസാനിപ്പിക്കാനാണ് ശ്രമം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചെന്നും നടി ഹർജിയിൽ പറയുന്നു.
കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘത്തിന് മേൽ രാഷ്‌ട്രീയ സമ്മർദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ദൃശ്യങ്ങൾ ചോർന്നതിന്‍റെ ഉത്തരവാദിത്തം കോടതിക്കാണ്. കുറ്റക്കാരെ കണ്ടെത്താൻ കോടതി യാതൊരു നടപടിയും സ്വീകരിച്ചില്ല. കുറ്റവാളികളെ രക്ഷിക്കാനാണ് ജഡ്‌ജിക്ക് താത്‌പര്യം. വിചാരണ കോടതി ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാൽ കേസിൽ കാവ്യ മാധവനെ പ്രതി ചേർത്തിരുന്നില്ല. ദിലീപിന്‍റെ സുഹൃത്ത് ശരത്.ജി.നായർ മാത്രമാണ് കേസിലെ പുതിയ പ്രതി.