എറണാകുളം : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
സാക്ഷികളെ സ്വാധീനിക്കരുത് ,തെളിവുനശിപ്പിക്കരുത് തുടങ്ങിയ പ്രധാന ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ച് നേരത്തേ കോടതിയ്ക്ക് കൈമാറിയിരുന്നു.ഇതിന് പുറമെ പിന്നീട് ലഭിച്ച അധിക തെളിവുകൾ രണ്ടാമതും വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു.
അഭിഭാഷകർ വഴി ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ ശബ്ദ രേഖ ഉൾപ്പടെയുള്ള തെളിവുകളാണ് രണ്ടാമതായി വിചാരണക്കോടതിയിൽ സമർപ്പിച്ചത്. ഇതിന് പുറമെ നിരവധി ശബ്ദരേഖകൾ ഉൾപ്പടെയുള്ള മറ്റ് ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം പ്രോസിക്യൂഷന്‍റെ ആരോപണങ്ങൾ നിഷേധിച്ച് ദിലീപ് കോടതിയിൽ എതിർ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.
ഇതേ തുടർന്നാണ് ഹർജിയിൽ വിശദമായി വാദം കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ വർഷവും ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യം റദ്ദാക്കാനാവശ്യമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് അപേക്ഷ തള്ളിയത്. എന്നാൽ ഇത്തവണ ദിലീപിനെതിരായ പരമാവധി തെളിവുകൾ സമർപ്പിച്ചാണ് അന്വേഷണ സംഘം കോടതിയെ ഇതേ ആവശ്യവുമായി വീണ്ടും സമീപിച്ചത്.