എറണാകുളം: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ സിംഗിൾ ബഞ്ച് ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി നൽകിയ ജാമ്യ ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍റെ നിര്‍ദേശം.
ഹർജി വീണ്ടും പരിഗണിക്കാൻ ഫെബ്രുവരി 13ന് മാറ്റിയിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടക്കുന്നത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയം ഈ വര്‍ഷം ജനുവരി 31ന് അവസാനിച്ചിരുന്നു.
നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പൾസർ സുനിയോട് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുനി ഹൈക്കോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരി 17നാണ് കൊച്ചി നഗരമധ്യത്തിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്.