എറണാകുളം: നടിയെ ആക്രമിച്ച കേസിൽ (Actress Assault Case) മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിതയുടെ ഹർജിയിലെ വാദം മാറ്റണമെന്ന ദിലീപിന്‍റെ (Dileep) ആവശ്യം ഹൈക്കോടതി (High Court) തള്ളി. അന്വേഷണം വേണം എന്ന ആവശ്യത്തിൽ ദിലീപിന് മാത്രം ആണല്ലോ പരാതി എന്നും കോടതി വിമർശിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി വിശദ വാദത്തിന് ശേഷമാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്.
ഹർജിയിന്മേലുള്ള വാദം മാറ്റണമെന്ന് ദിലീപ് ആവശ്യം ഉന്നയിച്ചെങ്കിലും കോടതി ഇതനുവദിച്ചില്ല. കേസിന്‍റെ വിചാരണ വൈകിപ്പിക്കാനാണ് ഹർജി എന്നായിരുന്നു ദിലീപിന്‍റെ വാദം. അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശം കേസിൽ വാദം കേട്ട ജഡ്‌ജി വിധി പറയുന്നത് തടസ്സപ്പെടുത്തുകയെന്നതാണ്.
കഴിഞ്ഞ ഒരു വർഷത്തോളമായി സാക്ഷികളെ വീണ്ടും വിസ്‌തരിച്ചും മറ്റും വിചാരണ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപ് വാദമുന്നയിച്ചു. വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീംകോടതി നീട്ടി നൽകിയിട്ടുണ്ടെന്നും എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് തന്‍റെ നിലപാടെന്നും അതിജീവിതയും വ്യക്തമാക്കിയിരുന്നു.
ഇര എന്ന നിലയിൽ തന്‍റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാർഡ് ആരോ മനപ്പൂർവമായി പരിശോധിച്ചിട്ടുണ്ട്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തപ്പെട്ടിട്ടുണ്ടെങ്കിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്.
അന്വേഷണം വേണമെന്ന കാര്യത്തിൽ ദിലീപിന് മാത്രമാണല്ലോ പരാതിയെന്ന് വിമർശിച്ച കോടതി വാദം മാറ്റണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളി. കൂടാതെ ലൈംഗികാതിക്രമ കേസുകളിലെ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.
അഡ്വ.രഞ്ജിത്ത് മാരാരാണ് അമിക്കസ് ക്യൂറി. അതിജീവിതയുടെ ഹർജിയിൽ വാദം നടക്കവെ അഭിഭാഷകൻ ദൃശ്യങ്ങൾ ചോർന്നതിന്‍റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു. മാത്രമല്ല ഇത്തരം കേസുകളിൽ തെളിവുകൾ സൂക്ഷിക്കാനായും മറ്റും പൊതു മാർഗ്ഗ നിർദേശങ്ങൾ അവലംബിക്കാൻ കോടതി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാദം കൂടി കണക്കിലെടുത്താണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
ജയപ്രദയ്‌ക്ക് തടവ് ശിക്ഷ: ബിജെപിയുടെ മുന്‍ രാജ്യസഭ എംപിയും ചലച്ചിത്ര താരവുമായ ജയപ്രദയ്‌ക്ക് ആറ് മാസം തടവും 5,000 രൂപ പിഴയും വിധിച്ച് കോടതി. ജയപ്രദയുടെ തിയേറ്റര്‍ ജീവനക്കാരുടെ ഇഎസ്‌ഐ തുക സംസ്ഥാന ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ അടച്ചില്ല എന്ന കാരണത്താലാണ് ശിക്ഷ വിധിച്ചത്. എഗ്മോര്‍ കോടതിയുടേതാണ് വിധി.
തിയേറ്റര്‍ ജീവനക്കാരുടെ ഇഎസ്‌ഐ പിടിച്ചെടുത്തിട്ടും ഇവര്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി എഗ്മോര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ജയപ്രദയും കൂട്ടരും മൂന്ന് ഹര്‍ജികള്‍ സമര്‍പ്പിച്ചുവെങ്കിലും മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു.