എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്‍റെ ഭാഗമായുള്ള നടൻ ദിലീപിന്‍റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ നാളെയും തുടരും. ഇന്ന് രാവിലെ 11.30 ഓടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് 6.30 ഓടെയാണ് പൂർത്തിയായത്. ദിലീപിനെ ചോദ്യം ചെയ്യുന്നത് നാളെയും തുടരുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു.
ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപ് മൊഴിനൽകിയതെന്നാണ് വിവരം. ബാലചന്ദ്രകുമാറിൻ്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന നിലപാടിലും ദിലീപ് ഉറച്ചുനിന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായുള്ള ആദ്യ ചോദ്യം ചെയ്യൽ കൂടിയായിരുന്നു ഇന്നത്തേത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ.
Also Read: ദേശീയ പണിമുടക്ക് : ബിപിസിഎൽ തൊഴിലാളി യൂണിയനുകൾക്ക് പണിമുടക്കിൽ പങ്കെടുക്കുന്നതിന് വിലക്ക്
ഇതേതുടർന്ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കോടതി അനുമതിയോടെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്‍റെ ഹര്‍ജി തള്ളിയ കോടതി കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.
തുടരന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ ദിലീപിന് ഏറെ നിര്‍ണായകമാണ്.