എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധമുള്ള വി.ഐ.പിയെ സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ഇത് സ്ഥിരീകരിക്കാൻ ബാല ചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ശബ്ദ രേഖ ശാസ്ത്രീയമായി പരിശോധിക്കും. വി.ഐ.പി യുടെ ഫോട്ടോ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായാണ് വിവരം. കോട്ടയം സ്വദേശിയായ ഹോട്ടല്‍ വ്യവസായിയാണ് ഇയാള്‍
വി.ഐ.പിയാണ് നടൻ ദിലീപിന് നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കൈമാറിയതെന്ന് ബാലചന്ദ്രകുമാർ നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ വി ഐ പിയെന്നും തന്‍റെ സാന്നിധ്യത്തിലാണ് ഇയാള്‍ ഒരു മന്ത്രിയെ ഫോണിൽ വിളിച്ചു സംസാരിച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
ദിലീപിന്‍റെ വീട്ടിലെത്തിയ ഇയാൾ ധനികനായ വ്യക്തിയാണെന്ന് മനസിലാക്കിയതായി അന്വേഷണ സംഘത്തെ ബാലചന്ദ്രകുമാർ അറിയിച്ചു. ഇയാൾക്ക് വിദേശത്തുള്ള ബിസിനസിൽ ദിലീപിന് പങ്കാളിത്തമുണ്ടെന്നാണ് ക്രൈബ്രാഞ്ചിന് വിവരം ലഭിച്ചത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശം വിദേശത്തേക്ക് കടത്തിയതായും ആരോപണമുയർന്നിരുന്നു. ഈയൊരു സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിലും, ഗൂഢാലോചന കേസിലും വി.ഐ.പിയുടെ ബന്ധം ഏറെ നിർണായകമാണ്. ശബ്ദരേഖ ഇയാളുടേതാണെന്ന് സ്ഥിരീകരിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ ഉൾപ്പടെയുള്ള നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുക. നിലവിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറാം പ്രതിയാണ് വി.ഐ.പി.
ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ശ്രമിച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തത്. വധ ഭീഷണി , ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെക്കൂടതെ ദിലീപിന്‍റെ സഹോദരന്‍ അനൂപ്, ഇവരുടെ സഹോദരി ഭര്‍ത്താവ് സുരാജ്, അപ്പു, ബാബു ചെങ്ങമനാട് കൂടാതെ കണ്ടാലറിയാവുന്ന ആള്‍ എന്നിങ്ങനെ ആറു പേരാണ് പ്രതികൾ.