എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്‌താരം പൂർത്തിയായി. കൊച്ചിയിലെ പ്രത്യേക കോടതിയിൽ രഹസ്യമായാണ് വിസ്‌താരം നടന്നത്. നടിയെ ആക്രമിച്ച കേസിലെ ഏട്ടാം പ്രതിയും നടനുമായ ദിലീപ് 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിൽ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കുഞ്ചാക്കോ ബോബൻ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
നടിയെ ആക്രമിച്ച സംഭവവും മഞ്ജു വാര്യരുമായുള്ള പ്രശ്‌നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന് കുഞ്ചാക്കോ ബോബന്‍റെ മൊഴി സഹായകമാവുമെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.മുമ്പ് രണ്ട് തവണയും സാക്ഷി വിസ്‌താരത്തിന് കുഞ്ചാക്കോ ബോബൻ ഹാജരായില്ല. ഒരു പ്രവശ്യം കോടതി അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ തവണ അവധി അപേക്ഷ നൽകിയതിനെ തുടർന്നാണ് തിങ്കളാഴ്‌ച ഹാജരാകാൻ കോടതി നിർദേശിച്ചത്. നടി ബിന്ദു പണിക്കരെയും കോടതി തിങ്കളാഴ്‌ച വിസ്‌തരിച്ചു. ബിന്ദു പണിക്കർ ഒരു തവണ മൊഴി നൽകാനെത്തിയെങ്കിലും സമയപരിമിതി മൂലം അന്ന് വിസ്‌താരം നടന്നില്ല. താരസംഘടന സംഘടിപ്പിച്ച സ്റ്റേജ് പരിപാടിയുടെ പരിശീലനത്തിനിടെ ആക്രമണത്തിനിരയായ നടിയും എട്ടാം പ്രതി ദിലീപും തമ്മിൽ വാക്ക് തർക്കമുണ്ടായപ്പോൾ പരിഹരിക്കാൻ ബിന്ദു പണിക്കർ ഇടപെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവരെ സാക്ഷിയാക്കിയത്. അതേസമയം 40 സാക്ഷികളെയാണ് ഇതിനകം വിസ്‌തരിച്ചത്. 136 സാക്ഷികളാണ് ഒന്നാം ഘട്ട സാക്ഷി പട്ടികയിലുള്ളത്.