ന്യൂഡൽഹി: സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. എസ്ബിഐയിലെ ഉദ്യോഗസ്ഥനെതിരെ വിരമിച്ചതിന് ശേഷം നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി വിധി. ജീവനക്കാരനോ ഉദ്യോഗസ്ഥനോ എതിരെ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമോ അധിക സേവന കാലാവധിക്ക് ശേഷമോ അച്ചടക്ക നടപടി ആരംഭിക്കാൻ കഴിയില്ലെന്ന് വിധി ന്യായത്തിൽ കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എസ്‌ബിഐ ഉദ്യോഗസ്ഥനായിരുന്ന നവീൻ കുമാർ സിൻഹയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയ ജാർഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ എസ്‌ബിഐ നൽകിയ അപ്പീൽ ബെഞ്ച് തള്ളി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നീട്ടിയ സർവീസ് കാലയളവ് ഉൾപ്പെടെ, ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
2003 ഡിസംബർ 26-ന് ആണ് 30 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷം ജീവനക്കാരൻ എസ്ബിഐയിൽ നിന്ന് വിരമിക്കുന്നത്. 2003 ഡിസംബർ 27 മുതൽ 2010 ഒക്‌ടോബർ 1 വരെ ഇദ്ദേഹത്തിന് സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ 2009 ഓഗസ്റ്റിൽ, ബാങ്കിങ് മാനദണ്ഡങ്ങൾ ലംഘിച്ച് ബന്ധുക്കൾക്ക് വായ്‌പ അനുവദിച്ചു എന്നടക്കമുള്ള ക്രമക്കേടുകൾ ഉദ്യോഗസ്ഥന് മേല്‍ ആരോപിക്കപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു.
പിരിച്ചുവിടൽ ഉത്തരവിനെതിരെ ഉദ്യോഗസ്ഥന്‍ നൽകിയ വകുപ്പ് തല അപ്പീലും പുനഃപരിശോധനാ ഹർജിയും അപ്പലേറ്റ് അതോറിറ്റി തള്ളി. തുടർന്ന് ശിക്ഷ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുകയും ജഡ്‌ജി അനുകൂല വിധി പുറപ്പെടുവിക്കുകയും ചെയ്‌തു. അധികമായി നല്‍കിയ സര്‍വീസ് കാലയളവും കഴിഞ്ഞ ശേഷമാണ് അച്ചടക്ക നടപടി ആരംഭിച്ചത് എന്ന കാരണത്താലാണ് ഡിസ്‌മിസല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
2009 ആഗസ്‌ത് 18ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും അച്ചടക്ക നടപടി അക്കാലയളവില്‍ ആരംഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിസിപ്ലിനറി അതോറിറ്റി മെമോ ചാര്‍ജ് ചെയ്‌തപ്പോള്‍, 2011 മാർച്ച് 18ന് മാത്രമാണ് നടപടി ആരംഭിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത് അച്ചടക്ക നടപടിയാണെന്ന് കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി നിരീക്ഷണം ശരിവെക്കുകയായിരുന്നു.
Also Read: കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്കുള്ള ആനുകൂല്യങ്ങളിൽ വ്യക്തത വേണം; കേന്ദ്രത്തോട് സുപ്രീംകോടതി