കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗം വാദമാണ് ഇന്ന് തുടങ്ങുക. പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു. ജാമ്യം ലഭിച്ച ശേഷം തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യം റദാക്കിയ ഒമ്പതാം പ്രതി സനൽകുമാർ ഉൾപ്പടെയുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. അതേസമയം കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഇന്ന് കോടതിയിൽ ഹാജരാകാൻ സാധ്യതയില്ല. വിചാരണക്ക് മുന്നോടിയായി കുറ്റപത്രത്തിന്മേല്‍ പ്രാഥമിക വാദം ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ട്.
കേസില്‍ വിചാരണക്ക് മുന്‍പുള്ള നടപടിക്രമങ്ങളിലേക്കാണ് ആറ് മാസത്തിന് ശേഷം കോടതി കഴിഞ്ഞ ദിവസം പ്രവേശിച്ചത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന ഏതാനും ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. തന്‍റെ കുറ്റസമ്മതമൊഴിയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി, തെളിവുകളുമായി ബന്ധപ്പെട്ട ചില രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി, പ്രതികളില്‍ ചിലരുടെ ജാമ്യാപേക്ഷ എന്നിവയാണ് തീര്‍പ്പുകല്‍പ്പിക്കാനുള്ള ഹര്‍ജികള്‍.
ഡിസംബര്‍ 30ന് കേസ് പരിഗണിക്കവെ ദിലീപും സനല്‍കുമാറും കോടതിയില്‍ ഹാജരായിരുന്നില്ല. ഹാജരാകാന്‍ കഴിയാത്ത സാഹചര്യം സംബന്ധിച്ച് ദിലീപ് കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അനുമതി വാങ്ങാതെയാണ് പ്രതി സനല്‍കുമാര്‍ ഹാജരാകാതിരുന്നത്. ഇതേ തുടർന്നാണ് കോടതി സനല്‍കുമാറിന്‍റെ ജാമ്യം റദ്ദാക്കിയത്. വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിതാ ജഡ്ജി ഉള്‍പ്പെടുന്ന സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രാരംഭ നടപടികള്‍ക്ക് വിചാരണ കോടതി തുടക്കമിട്ടിരുന്നു. എന്നാല്‍ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെ കേസില്‍ വിചാരണ സ്റ്റേ ചെയ്തിരുന്നു. ഒടുവില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ കഴിയില്ലെന്ന് തീര്‍പ്പുകല്‍പ്പിച്ച് സുപ്രീം കോടതി ഉത്തരവിട്ടതിനൊപ്പം വിചാരണ തുടരാമെന്നും വ്യക്തമാക്കി. വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് സാധ്യത.