എറണാകുളം: 'ഷെഫീക്കിന്‍റെ സന്തോഷങ്ങള്‍' സിനിമയുമായി ബന്ധപ്പെട്ട ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടനും നിർമാതാവുമായ ഉണ്ണി മുകുന്ദൻ. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങള്‍ ഉണ്ണി മുകുന്ദൻ തള്ളി. സൗഹൃദത്തിന്‍റെ പേരിൽ വേതനം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ച ബാലയ്ക്ക് പ്രതിഫലമായി രണ്ട് ലക്ഷം രൂപ നൽകിയെന്നും കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
പണം നൽകിയതിന്‍റെ രേഖകളും അദ്ദേഹം പുറത്തുവിട്ടു. സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയിട്ടുണ്ട്. ഛായാഗ്രാഹകന് ഏഴ് ലക്ഷം രൂപ പ്രതിഫലം നല്‍കിയതായും അദ്ദേഹം രേഖകൾ സഹിതം വിശദീകരിച്ചു.
ബാലയുമായി നല്ല ബന്ധമാണുള്ളത്. സൗഹൃദത്തിന്‍റെ പേരിലാണ് അദ്ദേഹത്തെ തന്‍റെ സിനിമയിൽ അഭിനയിപ്പിച്ചത്. സംവിധായകൻ ഉൾപ്പടെ അത്തരമൊരു പരീക്ഷണം വേണമോയെന്ന് ചോദിച്ചിരുന്നു. എന്നാൽ തന്‍റെ മറുപടി സൗഹൃദമാണ് വലുത് എന്നായിരുന്നു.
മുന്‍നിര നടനെ ഒഴിവാക്കിയാണ് ബാലയ്ക്ക് ആ കഥാപാത്രം ഞാന്‍ കൊടുത്തത്. ഒരു ദിവസം 10,000 രൂപ എന്ന നിലയിലാണ് ഇരുപത് ദിവസത്തിന് 2 ലക്ഷം രൂപ നൽകിയത്. മുന്‍ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു എന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന്‍റെ സെക്കൻഡ് മാര്യേജിന്‍റെ സമയത്ത് പങ്കെടുത്ത ഒരേയൊരു നടന്‍ ഞാനായിരുന്നു.
മുമ്പ് ബാലയുടെ സിനിമയിൽ പണം വാങ്ങാതെ ഞാൻ അഭിനയിച്ചിട്ടുണ്ട്. അത് പോലെ തന്‍റെ പടത്തിലും അഭിനയിക്കാമെന്നാണ് ബാല പറഞ്ഞെതെങ്കിലും പ്രതിഫലം നൽകിയിരുന്നു. സൗഹൃദം എന്താണെന്ന് താൻ പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ തനിക്ക് നൽകാൻ കഴിയുന്ന വേതനം താൻ ബാലയ്ക്ക് നൽകിയിട്ടുണ്ട്.
ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ബാലയുടെ ബന്ധുക്കളെ പുറത്താക്കിയെന്ന കാര്യത്തെ കുറിച്ച് തനിക്കറിയില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സ്റ്റുഡിയോയുമായി ബന്ധപ്പെട്ടവരാണ് അവിടെ ആരൊയൊക്കെ അനുവദിക്കണമെന്ന് തീരുമാനിക്കുന്നത്. ഡബ്ബിങ് പൂർത്തിയാക്കാൻ ബാല എത്താതിനെ തുടർന്ന് ഒരു മിമിക്രി ആർട്ടിസ്റ്റിനെ വച്ചാണ് ബാക്കി ഭാഗം പൂർത്തിയാക്കിയത്.
സൗഹൃദത്തിന് വില കല്‍പ്പിക്കുന്ന താൻ ഇതൊരു തമാശയായി കാണാനാണ് ആഗ്രഹിക്കുന്നത്. തന്‍റെ മറ്റൊരു സുഹൃത്തായ രാഹുൽ മാധവൻ നൽകിയ പ്രതിഫലം തിരിച്ച് നൽകുകയാണ് ഉണ്ടായത്. സിനിമയിൽ ജോലി ചെയ്‌ത സാങ്കേതിക പ്രവർത്തകർക്ക് പ്രതിഫലം നൽകാതെ സിനിമ ഇറയ്ക്കാൻ കഴിയില്ല.
പത്ത് വർഷമായി മലയാള സിനിമയിൽ ഉള്ള തന്നെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഇത്രയും വിശദീകരണം നൽകിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. താര സംഘടനയ്ക്ക് ബാല പരാതി നൽകിയിട്ടുണ്ടെങ്കിൽ വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് കൊണ്ടാണ് ബാല ആരോപണം ഉന്നയിച്ചതെന്ന് തനിക്കറിയില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
സിനിമ ജീവിതത്തിൽ തനിക്ക് മറ്റ് പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരു ആരോപണം ഉയർന്നത് പ്രയാസം സൃഷ്‌ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. മാത്രമല്ല ഇതോടെ ഈ അധ്യായം ഇവിടെ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാലയ്ക്ക് നല്ല സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.