എറണാകുളം: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമ കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളി. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ പ്രതി അഡ്വ സൈബി ജോസ് കിടങ്ങൂർ ആയിരുന്നു നടന്റെ അഭിഭാഷകൻ. നേരത്തെ ഇതേ ഹർജിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന പരാതിക്കാരിയുടെ ആക്ഷേപത്തെ തുടർന്ന് കേസിന്റെ തുടർ നടപടികളിന്മേലുള്ള സ്റ്റേ സിംഗിൾ ബഞ്ച് നീക്കിയിരുന്നു. കൂടാതെ അഭിഭാഷകന്റെ നടപടിയെ കോടതി വിമർശിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.
എന്നാൽ ഇ-മെയിൽ വഴി ഒത്തുതീർപ്പിന് തയ്യാറായെന്നും ഒത്തുതീർപ്പ് സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന പരാതിക്കാരിയുടെ വാദം പച്ചക്കള്ളമാണെന്നും പരാതിക്കാരിയുടെ ഓഡിയോ സന്ദേശം കൈവശമുണ്ടെന്നുമായിരുന്നു അഡ്വ സൈബി ഉണ്ണി മുകുന്ദനു വേണ്ടി വാദിച്ചത്. സിനിമയുടെ കഥ പറയാനായി ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ യുവതിയെ നടൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.