എറണാകുളം : യൂ ട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ അറസ്‌റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ മരട് സ്റ്റേഷനിൽ ഹാജരാകാൻ നടനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നടൻ സാവകാശം തേടി. ഇതോടെ പൊലീസ് നാളെ ഹാജരാകാൻ നിർദേശിച്ചു. ഇതിനിടെ തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അവതാരകയുടെ പരാതി പ്രകാരം സ്‌ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യങ്ങള്‍ ഇഷ്‌ടപ്പെടാത്തതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞത്.
തുടര്‍ന്ന് അവതാരക പൊലീസിനും വനിത കമ്മീഷനും പരാതി നല്‍കുകയായിരുന്നു. പരാതിക്കാരിയുടെയും,സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുകയും ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌ത ശേഷമാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.