എറണാകുളം: ഫാസിൽ ചിത്രം ഹരികൃഷ്‌ണൻസിൽ ഇരട്ട ക്ലൈമാക്‌സ് വന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി. കൊച്ചി അന്താരാഷ്‌ട്ര പുസ്‌തകോത്സവ വേദിയിൽ നടന്ന പുസ്‌തക പ്രകാശന ചടങ്ങിൽ ലോകായുക്ത സിറിയക് ജോസഫ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് മറുപടിയായാണ് ഇരട്ട ക്ലൈമാക്‌സിന്‍റെ രഹസ്യം മമ്മൂട്ടി വെളിപ്പെടുത്തിയത്.
ഹരികൃഷ്‌ണൻസ് സിനിമയുടെ അവസാനം രണ്ട് കഥാന്ത്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹരിയും കൃഷ്‌ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ഇവരിലാരെ തിരഞ്ഞെടുക്കുന്നു എന്നതാണ് കഥയുടെ അവസാന ഭാഗം.
അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണോപാദിയായി അന്ന് രണ്ട് തരത്തിലുള്ള അന്ത്യങ്ങളാണ് ഈ സിനിമയ്ക്കു വച്ചത്. ഒന്ന് കൃഷ്‌ണന് കിട്ടുന്നതും മറ്റൊന്ന് ഹരിക്ക് കിട്ടുന്നതുമായിരുന്നു. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് വിചാരിച്ച് ചെയ്‌തതല്ല.
ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോൾ ഈ രണ്ട് തരം കാണുവാനും ആളുകള്‍ വരും എന്നുള്ളൊരു ദുർബുദ്ധിയോട് കൂടിയോ, സ്വബുദ്ധിയോടെയോ ചെയ്തൊരു കാര്യമാണ്. പക്ഷേ ഈ പ്രിന്‍റുകള്‍ അയയ്ക്കുന്ന ആളുകൾക്ക് അബദ്ധം പറ്റിയതാണ് അത് കേരളത്തിലെ രണ്ട് ഭാഗങ്ങളിലേക്ക് ആയിപ്പോയത്.
അതിന്‍റെ ഉദ്ദേശ്യം നല്ല ഉദ്ദേശ്യമായിരുന്നു. എന്നാലും രണ്ട് പേർക്ക് കിട്ടിയാലും വിഷമമില്ലാത്ത സന്തോഷിക്കുന്ന പ്രേക്ഷകർ ഇവിടെ ഉണ്ടായതുകൊണ്ട് ആ സിനിമ വലിയ വിജയമായതും ഈ വേദിയിൽ ആ സിനിമയെ കുറിച്ച് സംസാരിക്കാനിടയായതെന്നും മമ്മൂട്ടി പറഞ്ഞു.