എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാനുള്ള തിയ്യതി തീരുമാനിച്ചു.
നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെ 22 ന് വിസ്തരിക്കും. സത്യമൂർത്തിയെ 25നും വിസ്തരിക്കും.
അന്വേഷണ ഉദ്യോഗസ്ഥൻ്റെ പക്കലുള്ള ദൃശ്യങ്ങളുടെ പകർപ്പ് കോടതിയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി 25 ന് പരിഗണിക്കാനായി മാറ്റി. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള പ്രോസിക്യൂഷൻ്റെ അപേക്ഷ വിധി പറയാനായി കോടതി മാറ്റി വെച്ചു.
അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെബി സുനിൽ കുമാറാണ് കോടതിയിൽ ഹാജരായത്. നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സാക്ഷികള വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ എട്ട് സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് കോടതി അനുമതി നൽകിയത്. പത്ത് ദിവസത്തിനകം സാക്ഷികളെ വിസ്തരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.