എറണാകുളം: കൊച്ചി എടവനക്കാട് വാച്ചാക്കലിൽ ഭാര്യയെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ അറസ്‌റ്റിലായ എടവനക്കാട് സ്വദേശി സജീവനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഞാറയ്ക്കൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്‌തത്. പ്രതിയെ മൃതദേഹം കുഴിച്ചിട്ട എടവനക്കാട്ടെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
കൊല നടത്തിയ രീതിയും മൃതദേഹം കുഴിച്ചിട്ടതുമല്ലാം പ്രതി ഭാവമാറ്റങ്ങളില്ലാതെ വിശദീകരിച്ചു. 2021 ഓഗസ്‌റ്റ് 16ന് രാവിലെയാണ് ഭാര്യ രമ്യയെ സജീവൻ കൊലപ്പടുത്തിയത്. രമ്യയ്ക്ക് മറ്റ് ചില ബന്ധങ്ങളുണ്ടെന്ന് സംശയിച്ച് സജീവൻ നിരന്തരം ഭാര്യയുമായി കലഹിച്ചിരുന്നു.
പ്ലാസ്‌റ്റിക്ക് കയര്‍ കഴുത്തില്‍ മുറുക്കി: സംഭവ ദിവസവും ഇരുവരും തമ്മിൽ വീടിനുള്ളിൽ വെച്ച് വഴക്കിലേർപ്പെട്ടിരുന്നു. തുടർന്ന് രമ്യ അലക്കിയ തുണികൾ ഉണക്കാനായി ടെറസിന് മുകളിലേക്ക് പോയ വേളയിലായിരുന്നു കൊല നടത്തിയത്. സജീവൻ പിന്നിൽ നിന്ന് പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ മുറുക്കിയപ്പോൾ ബോധരഹിതയായി വീണ രമ്യയെ വീണ്ടും കയർ കുരക്കി മരിച്ചെന്ന് ഉറപ്പാക്കുകയായിരുന്നു.
തുടർന്ന് രാത്രി വീടിനോട് ചേർന്ന് കുഴിയെടുക്കുകയും മൃതദേഹം തഴേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കുഴിച്ച് മൂടുകയുമായിരുന്നു. ആരും ശ്രദ്ധിക്കാത്ത വിധം ഷീറ്റ് കൊണ്ട് മറച്ച് മൃതദേഹം മൂടിയത് എങ്ങനെയാണെന്നും തെളിവെടുപ്പിൽ സജീവൻ കാണിച്ചു കൊടുത്തു. കഴുത്തിൽ മുറുക്കിയ കയറും, രമ്യയുടെ മൊബൈൽ ഫോണും കത്തിച്ച് കളയുകയും ചെയ്‌തു.
ഈ ദിവസങ്ങളിൽ ഇവരുടെ രണ്ട് മക്കൾ വീട്ടിലില്ലായിരുന്നു. രമ്യ ബ്യൂട്ടിഷ്യൻ കോഴ്‌സ് പഠിക്കാനായി ബംഗളൂരുവിലേക്ക് പോയെന്നായിരുന്നു ഇയാൾ മക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് ഭാര്യ മറ്റൊരാൾക്ക് ഒപ്പം ഒളിച്ചോടി പോയെന്നും സജീവൻ പ്രചരിപ്പിച്ചു.
ഭാര്യയെ കാണാനില്ലെന്ന പരാതി: പെയിന്‍റിങ് തൊഴിലാളിയായ സജീവൻ നാട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നതിനാൽ ഇയാളെ ആരും സംശയിച്ചിരുന്നില്ല. 2022 ഫെബ്രുവരിയിൽ ഭാര്യയെ കാണാനില്ലെന്ന് സജീവ് ഞാറക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണമാണ് സജീവിലേക്ക് തന്നെയെത്തിയത്.
മാസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ തെളിവുകൾ സമാഹരിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്‌തത്. ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് കാണാതായ സ്‌ത്രീകളെക്കുറിച്ച് അന്വേഷണം തുടങ്ങിയ വേളയിൽ രമ്യയുടെ തിരോധാനത്തെ കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു.
മൊഴികളിലെ വൈരുദ്ധ്യം: കഴിഞ്ഞ ദിവസം സജീവനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിശദമായി ചോദ്യം ചെ്‌തിരുന്നു. മൊഴിയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഭാര്യയെ താൻ കൊലപ്പെടുത്തി വീട്ട് മുറ്റത്ത് കുഴിച്ചിട്ടതായി സജീവന്‍ വെളിപ്പെടുത്തുകയായിരുന്നു.
തുടർന്നാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊഴിപ്രകാരം വീടിനോട് ചേർന്നുള്ള മുറ്റം കുഴിച്ച് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തുകയും ചെയ്‌തു.
പതിനേഴ് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച സജീവനും രമ്യയും ബന്ധുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ഭാര്യയെ കുഴിച്ചിട്ട വീട്ടിൽ മക്കളോടൊപ്പമാണ് സജീവൻ ഒരു വർഷത്തിലേറെയായി കഴിഞ്ഞിരുന്നത്. അതേസമയം, അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സജീവൻ. ഇതിനിടെയാണ് ഭാര്യയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായത്.