എറണാകുളം: ഇലന്തൂർ നരബലിക്കേസ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കാലടി പൊലീസ് രജിസ്റ്റർ ചെയ്‌ത റോസ്‌ലി വധക്കേസിൽ ഒമ്പത് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് നടപടി.
കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ അറിയിക്കും. പ്രതികളെ ഇലന്തൂരിലെ വീട്ടിലും, കത്തി വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
പ്രതികള്‍ വെട്ടിമുറിച്ച റോസ്‌ലിയുടെ ശരീരഭാഗങ്ങള്‍ നേരത്തെ ഇലന്തൂരിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ മൃതശരീരാവശിഷ്‌ടങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കൊല്ലപ്പെട്ടത് റോസ്‌ലിയെന്ന് ശാസ്‌ത്രീയമായി സ്ഥിരീകരിക്കുക. ഇലന്തൂർ കേസിൽ ജൂൺ മാസത്തിൽ റോസ്‌ലിയെയായിരുന്നു പ്രതികൾ ആദ്യം കൊലപ്പെടുത്തിയത്.
മുഖ്യപ്രതി ഷാഫി സിനിമയിൽ അഭിനയിക്കാൻ പത്ത് ലക്ഷം വാഗ്‌ദാനം ചെയ്‌ത് റോസ്‌ലിയെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് കട്ടിലിൽ കെട്ടിയിട്ട് അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഐശര്യം ലഭിക്കാൻ ദേവി പ്രീതിക്കായി നരബലി നടത്തണമെന്ന് കൂട്ടുപ്രതികളായ ഭഗവൽ സിങിനേയും, ലൈലയെയും വിശ്വസിപ്പിച്ചായിരുന്നു കൊലനടത്തിയത്.
മൂന്ന് പ്രതികൾക്കും ഒരുപോലെ പങ്കുള്ള ഈ കൊലപാതകത്തിന്‍റെ തുടർച്ചയായാണ് സെപ്‌റ്റംബര്‍ മാസത്തിൽ തമിഴ്‌നാട് സ്വദേശിയായ പത്മയെയും സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്നാണ് ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ആരോപിക്കുന്ന കുറ്റം.