എറണാകുളം : അങ്കമാലി എംഎജിജെ ആശുപത്രിയിൽ ശനിയാഴ്‌ച (ജൂലൈ 15) ഉച്ചയോടെ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ലിജിയെ കുത്തി കൊലപ്പെടുത്തിയ പ്രതി മഹേഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിനെ തുടർന്നുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാള്‍ മൊഴി നൽകിയത്.
ആശുപത്രിയിലെത്തി ലിജിയെ നേരിൽ കണ്ട് സൗഹൃദം തുടരണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു. ഫോൺ വിളിച്ചാൽ എടുക്കാത്തതിനെ തുടർന്നാണ് മഹേഷ് ലിജിയെ തേടി ആശുപത്രിയിലെത്തിയത്. വർഷങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിലെ ഹയർ സെക്കൻഡറി ക്ലാസിൽ ഒരുമിച്ച് പഠിച്ച ഇരുവര്‍ക്കുമിടയില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇത് തുടരാൻ തയ്യാറെല്ലന്നും നമ്പർ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞതോടെയാണ് മഹേഷ് ലിജിയെ കുത്തിയത്.
കൈക്ക് കുത്തേറ്റ ലിജി നിലവിളിച്ചതോടെ ആശുപത്രിയുടെ വരാന്തയുടെ ഒരു ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി നെഞ്ചിലും വയറിലും കുത്തി മരണമുറപ്പിക്കുകയായിരുന്നു. നിലവിളി കേട്ടതിനെ തുടർന്ന് ആശുപത്രിയിലുണ്ടായിരുന്നവർ ഓടിയെത്തി ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതി ആളുകൾക്കെതിരെ കത്തി വീശി. ഇതേ തുടർന്ന് ആശുപത്രിയിലുള്ള ജീവനക്കാർക്കും മറ്റുള്ളവർക്കും തടയാൻ കഴിയുന്നതിന് മുമ്പ് പ്രതി ലിജിയെ കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയുടെ നാലാം നിലയിൽവച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.
ഇതേ ആശുപത്രിയിൽവച്ച് തന്നെ അടിയന്തരമായി ലിജിക്ക് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെ സുരക്ഷാജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറിയത്. അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
യുവതിക്ക് പന്ത്രണ്ടോളം കുത്തേറ്റതായാണ് ഇൻക്വസ്റ്റിൽ കണ്ടെത്തിയത്. ചികിത്സയിൽ കഴിയുകയായിരുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനാണ് ലിജി ആശുപത്രിയിലെത്തിയത്. ലിജി ഉണ്ടെന്ന് മനസിലാക്കി പ്രതിയും ഇവിടേക്ക് വരികയായിരുന്നു.
അതേസമയം ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. തുറവൂരിലെ മഹിള കോൺഗ്രസ് സജീവ പ്രവർത്തക കൂടിയാണ് കൊല്ലപ്പെട്ട ലിജി. ഖത്തറിലുള്ള, ആലുവ മുക്കന്നൂര്‍ സ്വദേശി രാജേഷാണ് ഭർത്താവ്. ആദിത്യരാജ്, അതീന്ദ്ര രാജ് എന്നിവർ മക്കളാണ്. അതേസമയം ആശുപത്രിയിൽ ആക്രമണം തടയുന്നതിനുള്ള നിയമമുൾപ്പടെ നിലവിൽ വന്നിട്ടും പട്ടാപ്പകല്‍ ആശുപത്രിയിൽ കൊലപാതകം നടന്നതിന്‍റെ ഞെട്ടലിലാണ് ജീവനക്കാരും ജനങ്ങളും.