എറണാകുളം: ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമെതിരെയല്ല തന്‍റെ ട്വന്‍റി ട്വന്‍റി പ്രവേശനമെന്ന് ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ്ജ്. ഉമ്മൻ ചാണ്ടി തന്‍റെ എതിർ സ്ഥാനാർഥിയായാൽ അദ്ദേഹത്തിന് വോട്ട് ചെയ്യും. അതേസമയം കോൺഗ്രസ് സ്ഥാനാർഥികൾക്ക് താൻ വോട്ട് ചെയ്യില്ല. ട്വന്‍റി ട്വന്‍റിയിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രീയക്കാർ വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് തനിക്ക് ട്വന്‍റി ട്വന്‍റിയിൽ ചേർന്ന് പ്രവർത്തിക്കേണ്ടി വന്നതെന്നും വർഗീസ് ജോർജ് പറഞ്ഞു.
തന്‍റെ കുടുംബത്തിൽ കോൺഗ്രസ് മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരുമുണ്ട്. എല്ലാവർക്കും അവരവരുടെ ആശയങ്ങളുണ്ട്. എന്‍റെ ആശയവുമായി ചേരുന്നതാണ് ട്വന്‍റി ട്വന്‍റിയെന്ന് മനസ്സിലാക്കിയാണ് ഈ സംഘടനയിൽ ചേർന്നത്. രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി ഒരു സർവ്വകലാശാലയാണ്. എന്നാൽ താനൊരു പ്രൈമറി സ്കൂൾ ആണ്. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം നൽകുന്ന വ്യക്തിയാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെ ഈ തീരുമാനം അദ്ദേഹത്തിന് ദോഷം ചെയ്യില്ല. എല്ലാവരും മത്സരിക്കേണ്ടത് അവർ ചെയ്ത നല്ല കാര്യങ്ങൾ വെച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.