എറണാകുളം: ലോക ഭിന്നശേഷി ദിനത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉപജില്ലാതല എബിലിറ്റി ഫെസ്റ്റ് കോതമംഗലത്ത് സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെയും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫെസ്റ്റിന്‍റെ ഉദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർപേഴ്സണുമായ ടി.ബി ഫസീല ചടങ്ങില്‍ അധ്യക്ഷയായി.
ലോക ഭിന്നശേഷിദിന സന്ദേശമായ ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്ന മുദ്ര വാക്യത്തിലൂന്നിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി ഗൃഹാധിഷ്‌ഠിത വിദ്യാഭ്യസം നടത്തുന്ന ജോബി അലോഷ്യസ് തെളിച്ച ദീപശിഖ പ്രയാണത്തോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. പിന്നീട് പരിമിതികളെ മറികടന്ന് കായികോത്സവത്തിലും കലാ സാഹിത്യോത്സവത്തിലും അത്യുത്സാഹത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരവും പ്രൊഫ. ഇ.കെ.പിയുടെ മാജിക് ഷോയും ഫെസ്റ്റിൽ ഉൾപ്പെടുത്തി.