എറണാകുളം: ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയും തടവിൽ കഴിയുകയും ചെയ്ത മാലിദ്വീപ് വനിതകളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ ഒറ്റുകാരല്ലെന്ന് കേരള ഹൈക്കോടതി. ചാരക്കേസ് അന്വേഷിച്ച എസ്ഐടിയിലെ ഉദ്യോഗസ്ഥൻ വനിതകളിൽ ഒരാളെ ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നും എന്നാൽ വനിത ഇത് നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് കേസിൽ കുടുക്കാൻ പ്രേരണയായതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ചാരക്കേസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്.വിജയൻ, തമ്പി എസ്. ദുർഗ ദത്ത, ആർ.ബി ശ്രീകുമാർ, റിട്ടയേർഡ് ഐബി ഓഫിസർ പി.എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജാമ്യാപേക്ഷയിൽ വാദങ്ങൾ കേട്ടശേഷം കോടതി പ്രതികൾക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ചിട്ടുണ്ട്.
പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സിബിഐ
ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, ഐപിസി പ്രകാരം വ്യാജ തെളിവുകൾ ചമക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് നാല് ഉദ്യോഗസ്ഥരുൾപ്പെടെ 18 പേർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐഎസ്ഐ, പാകിസ്ഥാൻ തുടങ്ങിയ വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യയിലെ ക്രയോജനിക് സാങ്കേതികവിദ്യയുടെ മുന്നേറ്റം തകർക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് കണ്ടെത്താൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയിൽ പറഞ്ഞു.
ആരോപണങ്ങൾ വ്യാജമെന്ന് പ്രതികൾ
കസ്റ്റഡി പീഡനം, നിയമവിരുദ്ധ തടങ്കൽ, ചാരക്കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനക്ക് പിന്നിൽ അമേരിക്ക ആണെന്ന നമ്പി നാരായണന്‍റെ വാദം ഉൾപ്പെടെയുള്ള ആരോപണങ്ങൾ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നിഷേധിച്ചു. അതേസമയം, ചാരക്കേസിൽ വനിതകളെ കുടുക്കി ഇരുവരുടെയും ജീവിതം നശിപ്പിച്ചുവെന്നും പ്രതികൾക്ക് യാതൊരു തരത്തിലുമുള്ള ഇളവുകൾ നൽകരുതെന്നും മാലദ്വീപ് വനിതകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രസാദ് ഗാന്ധി വാദിച്ചു.