തിരുവനന്തപുരം: ഗുജറാത്ത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വായു ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂർ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഗുജറാത്തിലെ പോർബന്തർ, മഹുവ തീരങ്ങളിലേക്ക് വ്യാഴാഴ്ച അതിരാവിലെ പ്രവേശിക്കും. ചുഴലിക്കാറ്റിന്‍റെ വേഗം 110 മുതൽ 135 കിലോമീറ്റർ വരെയാകുമെന്നാണ് വിലയിരുത്തൽ. അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദമാണ് വായു ചുഴലിക്കാറ്റായി മാറിയത്.
വായു ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളാതീരത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം. സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ചില ജില്ലകളിൽ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനാണ് സാധ്യത. അറബിക്കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. തീരപ്രദേശങ്ങളിൽ കടലാക്രമണം സംഭവിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടെ ഒറ്റപ്പെട്ട ഇടങ്ങളിലായി മണിക്കൂറിൽ 12 സെൻറീമീറ്റർ വരെ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
ലക്ഷദ്വീപിനോട് ചേര്‍ന്ന അറബിക്കടല്‍ മേഖലയിലും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള- കര്‍ണാടക തീരം എന്നിവിടങ്ങളിലുമായാണ് ജാഗ്രതാനിര്‍ദേശം നൽകിയിട്ടുള്ളത്.