തിരുവനന്തപുരത്ത് സർക്കാർ വനിതാ ഹോമുകളിലെ പെൺകുട്ടികൾക്കായി ഉയരെ സിനിമയുടെ പ്രത്യേക പ്രദർശനം ഒരുക്കി സാമൂഹ്യ നീതി വകുപ്പ്. മന്ത്രി കെ കെ ശൈലജയും ചിത്രത്തിലെ നായിക പാർവതി തിരുവോത്തും കുട്ടികൾക്കൊപ്പം സിനിമ കണ്ടു.
ഹോമുകളിലെ പെൺകുട്ടികൾക്കായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച "സധൈര്യം മുന്നോട്ട് " സമ്മർ ക്യാമ്പിനോട് അനുബന്ധിച്ചായിരുന്നു ഉയരെയുടെ പ്രദർശനം. ശ്രീ തിയേറ്ററിൽ സിനിമ കാണാനെത്തിയ പാർവതിയേയും മന്ത്രി കെ .കെ ശൈലജയും ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. പ്രതിസന്ധികളിൽ വീണു പോകുന്നതിനു പകരം അന്തസ്സോടെ ഉയർത്തെഴുന്നേൽക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന സിനിമ മറ്റു പെൺകുട്ടികൾക്കും സധൈര്യം മുന്നോട്ടു പോകാൻ ഊർജ്ജം നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിന് എത്തിയിരുന്നു
പല്ലവിയെ പിന്തുണയ്ക്കുമ്പോഴും ഗോവിന്ദുമാർ സമൂഹത്തിൽ ഇനി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളും വേണമെന്ന് പാർവ്വതി പറഞ്ഞു.