തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന ആഹ്വാനവുമായി തിരുവനന്തപുരം നഗരസഭ. പരിസ്ഥിതി വാരാചരണത്തിന്‍റെ ഭാഗമായി ജൂൺ അഞ്ചിന് തിരുവനന്തപുരം മേയർ വി കെ പ്രശാന്തും കൗൺസിലർമാരും ജീവനക്കാരും ഔദ്യോഗിക - സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കും. 'ബീറ്റ് എയർ പൊല്യൂഷൻ' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി വാരാചരണ സന്ദേശം. ഇതുമായി ബന്ധപ്പെട്ട് ജൂൺ അഞ്ച് മുതൽ 11 വരെ വിവിധ പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂൺ അഞ്ചിന് പൊതുഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചെറിയ ദൂരങ്ങൾ സഞ്ചരിക്കാൻ സൈക്കിളുകള്‍ പ്രയോജനപ്പെടുത്തുമെന്ന് മേയർ വി കെ പ്രശാന്ത് പറഞ്ഞു.
ജൈവമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ പരിചയപ്പെടുത്താൻ ജൂൺ അഞ്ച് മുതൽ 10 വരെ പാളയം കണ്ണിമാറ മാർക്കറ്റിന് മുൻവശത്ത് കമ്പോസ്റ്റിംഗ് മേള സംഘടിപ്പിക്കും. ബയോ കമ്പോസ്റ്റർ ബിന്നുകൾ കൂടുതൽ വീടുകളിൽ എത്തിക്കുക ലക്ഷ്യമിട്ട് 25 ഹെൽത്ത് സർക്കിൾ ഓഫീസുകളിലും ബയോ കമ്പോസ്റ്റ് യൂണിറ്റുകൾ ആരംഭിക്കും. നഗരത്തിൽ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കാൻ കരിയിലപ്പെട്ടികൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജൂൺ ആറിന് നടക്കും. ബോധവൽക്കരണ സെമിനാറുകൾ, മാലിന്യ ശേഖരണം, പരിഷ്കരിച്ച സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പ് ഉദ്ഘാടനം തുടങ്ങി വിവിധ പരിപാടികൾ വാരാചരണത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും.