തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം പി സലീനയെ പദവിയിൽ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സമർപ്പിച്ച ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പ്രസ്തുത ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞാണ് ടിക്കാറാം മീണയുടെ നടപടി കമ്മീഷൻ തള്ളിയത്.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സലീന കള്ളവോട്ട് ചെയ്തതെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തത്. കോടതി ശിക്ഷിക്കാതെ അയോഗ്യയാക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. എന്നാൽ സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.