തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഭാവിയിൽ ആ ലക്ഷ്യത്തിലെത്താൻ പ്രേരണയാകുന്ന മുന്നേറ്റം ഈ തെരഞ്ഞെടുപ്പിലുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ അപ്രസക്തമാകുകയാണെന്നും ശ്രീധരൻ പിള്ള. സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് പിന്നിലായി. വീണാ ജോര്‍ജ്, എ.പ്രദീപ് കുമാര്‍ എന്നീ എംഎല്‍എമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ പിന്നിലായതിനാല്‍ രാജിവെക്കുന്നതാണ് നല്ലതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യപ്പെട്ടിട്ടില്ല. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള. കേരളത്തില്‍ മത ധ്രുവീകരണം നടത്തിയത് ബി.ജെ.പിയല്ല. മറിച്ച് കേന്ദ്രത്തില്‍ ഒന്നിച്ച് അധികാരം പങ്കിടാന്‍ ആഗ്രഹിച്ച സി.പി.എമ്മും കോണ്‍ഗ്രസുമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കേരളത്തില്‍ 19 സീറ്റുകളിലും വോട്ട് വിഹിതത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. വരുന്ന ഉപതെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.