തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ലഹരിവസ്തുക്കൾ എത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തി വഴിയുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാൻ പൊലീസും എക്സൈസും പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ലഹരി വില്‍പന തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഒരു അധ്യാപകന്‍റെ കീഴിൽ പത്ത് കുട്ടികളുടെ വരെ ചുമതല ഏൽപ്പിക്കും. ജനമൈത്രി പൊലീസിന്‍റെ സേവനം ലഹരി മാഫിയക്കെതിരെ ഉപയോഗപ്പെടുത്തും. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ലഹരി സംബന്ധമായ ഉൽപ്പന്നങ്ങൾ ഫാർമസികൾ നൽകരുത്.
കഴിഞ്ഞവർഷം 12,000 കേസുകളാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെടുത്താൻ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും അറിയിച്ചു.