തിരുവനന്തപുരം: പാറശാല ആറയൂർ ഭാഗത്ത് ആഞ്ഞടിച്ച ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം. വിളവെടുക്കാറായ നൂറുകണക്കിന് വാഴകളാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് നശിച്ചത്. ഇതോടെ ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലായി. ആറയൂർ പൊൻവിള, മുണ്ടപ്ലാവിള തുടങ്ങിയ പ്രദേശത്താണ് വ്യാപക കൃഷി നാശം ഉണ്ടായത്. പാട്ടത്തിനെടുത്തിനെടുത്ത ഭൂമികളിൽ വായ്പയെടുത്താണ് പല കർഷകരും കൃഷിയിറക്കിയത്. വിപണിയിൽ നേന്ത്രവാഴകൾക്ക് കിലോക്ക് 70 രൂപ വരെ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകരെ ദുരിതത്തിലാക്കിക്കൊണ്ട് കൃഷി നാശം ഉണ്ടായത്.
ഒരാഴ്ച മുമ്പും താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി കാറ്റിൽ വ്യാപകമായി വാഴകൃഷി നശിച്ചിരുന്നു. കൃഷി നാശം ഉണ്ടായ പ്രദേശങ്ങള്‍ കൃഷി വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല.