സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയിൽ പിഎസ് ശ്രീധരൻ പിള്ള അമ്പേ പരാജയമെന്ന് ബിജെപി മുൻ നേതാവ് പിപി മുകുന്ദൻ. ബിജെപി പ്രവർത്തകരുടെ പ്രതീക്ഷക്ക് വിരുദ്ധമാണ് ശ്രീധരൻ പിള്ളയുടെ പ്രവർത്തനം. സ്ഥാനാർഥി നിർണയം വൈകിയത് മൂലം ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബിജെപിക്ക് ഉണ്ടായിരുന്ന മേൽക്കൈ നഷ്ടമായെന്നും അത് പഴയ നിലയിൽ എത്തിക്കാൻ വൻ പരിശ്രമം വേണ്ടിവരുമെന്നും പിപി മുകുന്ദൻ ഇടിവി ഭാരതിനോട് പറഞ്ഞു.നേതൃത്വത്തിന്‍റെ നിലപാടുകൾ ബിജെപി പ്രവർത്തകരെയും പാർട്ടിയില്‍ വിശ്വസിക്കുന്ന നിരവധി ആളുകളെയും നിരാശരാക്കി. അതിന് പാർട്ടി നേതൃത്വം മറുപടി പറയേണ്ടിവരും.
ത്യാഗവും സമർപ്പണവും എന്ന നിലയിൽ നിന്ന് പാർട്ടി നേതൃത്വം ഭൗതികമായ താൽപ്പര്യങ്ങളിലേക്ക് മാറി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ സ്ഥാനാർഥിയായാൽ സാധ്യതകൾ ഉണ്ടെന്നും പിപി മുകുന്ദൻ പറഞ്ഞു. പത്തനംതിട്ട കിട്ടിയാൽ മാത്രമേ മത്സരിക്കുവെന്ന കണ്ണന്താനത്തിന്റെ പ്രസ്താവന അത്ര നല്ല ലക്ഷണമല്ല. പുതിയ ആളുകൾ വരുന്നത് നല്ലതാണ്. എന്നാൽ അവർ വന്ന് അവകാശവാദം ഉന്നയിക്കുന്നത് അണികൾക്കിടയിൽ പാർട്ടിയെയും നേതൃത്വത്തെയും കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കുമെന്നും മുകുന്ദൻ പറഞ്ഞു.