തിരുവനന്തപുരം: നിയമസഭ വിഷയ നിർണയ സമിതികളുടെ അധ്യക്ഷൻമാരായി മന്ത്രിമാർ തുടരണോ എന്ന കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവേ കമ്മിറ്റികളുടെ പ്രവർത്തനം തൃപ്തികരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമിതികളുടെ പ്രവർത്തനത്തെക്കുറിച്ച് സാമാജികർക്കായി നിയമസഭയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ സമിതികൾ സൂക്ഷ്മമായും അഗാധമായും വിഷയങ്ങൾ പരിശോധിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കൃത്യമായി ജനങ്ങൾ അറിയുന്നില്ല. കമ്മിറ്റികൾ വിശദമായി കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ധനകാര്യ സമിതികൾ പലപ്പോഴും യാന്ത്രികമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ രണ്ട് ദിവസമായാണ് ശില്പശാല നടക്കുന്നത്. കേരള നിയമസഭ കടലാസ് രഹിത നിയമസഭായാകുന്ന സാഹചര്യത്തിൽ ഇ- നിയമസഭ എന്ന വിഷയത്തിൽ നാളെയും ചർച്ച നടക്കും.