തിരുവനന്തപുരം: കെവിൻ വധക്കേസിൽ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെവിന്‍റെ കുടുംബം ഇന്ന് ഡിജിപി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരെ കാണും. എന്നാൽ സംഭവം തന്‍റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഡിജിപി ലോക് നാഥ് ബെഹ്റ തൃശ്ശൂരിൽ പറഞ്ഞു.
സസ്പെന്‍ഷനിലായിരുന്ന ഷിബുവിന് നേരത്തെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി. കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയാണ് കോട്ടയം ഗാന്ധി നഗര്‍ എസ് ഐ ആയിരുന്ന ഷിബുവിനെ തിരിച്ചെടുത്തത്. ജൂനിയർ എസ് ഐ ആയി തരംതാഴ്ത്തി ഇടുക്കിയിലേക്ക് ആയിരുന്നു നിയമനം നൽകിയത്. ഷിബുവിന്‍റെ വിശദീകരണം കേട്ട ശേഷമായിരുന്നു സർവീസിലേക്ക് തിരിച്ചെടുത്തത്. ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവുമായി കെവിന്‍റെ കുടുംബം രംഗത്തുവന്നു. നടപടി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഷിബു കോട്ടയം ഗാന്ധി നഗർ എസ് ഐ ആയിരിക്കേയാണ് കെവിൻ കൊല്ലപ്പെടുന്നത്. കെവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം എസ്ഐക്ക് പരാതി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുണ്ടെന്ന കാരണം പറഞ്ഞ് എസ്ഐ പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്ന ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. കെവിൻ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് നീനുവിന്‍റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കെവിനെ എസ്ഐ മർദ്ദിക്കുകയും വീട്ടുകാർക്കൊപ്പം പോകാൻ നീനുവിനെ നിർബന്ധിക്കുകയും ചെയ്തു എന്ന ആരോപണവും ഉയർന്നിരുന്നു. ഈ രണ്ട് ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഷിബുവിനെ സസ്പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിനൊടുവിൽ പിരിച്ചുവിടാൻ ശുപാർശ ചെയ്യുകയുമായിരുന്നു.