തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന മേഖലകളിൽ താൽക്കാലിക പരിഹാരമെന്ന നിലയിൽ ജിയോ ബാഗുകൾ നിരത്തുന്ന ജോലി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ലത്തീന്‍ ആര്‍ച്ച് ബിഷപ് സൂസപാക്യവുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. ശാസ്ത്രീയ പഠനം നടത്തി മാത്രമേ കടൽ ഭിത്തി നിർമ്മിക്കാൻ സാധിക്കുകയുള്ളുവെന്നും സഭാ നേതൃത്വത്തെ ധരിപ്പിച്ചതായി മന്ത്രി പറഞ്ഞു.
കടലാക്രമണത്തില്‍ നാശമുണ്ടായ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് വലിയതുറ സന്ദര്‍ശിച്ച ശേഷം സൂസപാക്യം പറഞ്ഞിരുന്നു. ഇതിന് പുറമേ വലിയതുറ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിക്ക് നേരെ തീരദേശവാസികള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സഭയുടെ സഹകരണം തേടി മന്ത്രിയുടെ സന്ദര്‍ശനം.
മന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷയുണ്ടെന്ന് ആർച്ച് ബിഷപ് സൂസപാക്യം പ്രതികരിച്ചു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും ആലപ്പുഴ, ചെല്ലാനം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സഭാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.