തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 കിലോ സ്വര്‍ണ്ണം പിടികൂടി. എയര്‍പോര്‍ട്ടിലെ എസി മെക്കാനിക്ക് അനീഷില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ദുബായിൽ നിന്ന് എത്തിച്ച സ്വർണ്ണം എയർപോർട്ടിൽ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കേന്ദ്ര സുരക്ഷാ സേന ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പിന്നീട് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗത്തിന് ഇയാളെ കൈമാറുകയായിരുന്നു. സ്വർണ്ണക്കടത്തിന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്നതായി ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് കണ്ടെത്തിയതിന് ശേഷം എയര്‍പോര്‍ട്ടില്‍ പരിശോധന ശക്തമാക്കിയിരുന്നു.
എയർപോർട്ടിലെ ശുചിമുറിയില്‍ നിന്നാണ് സ്വർണ്ണം ലഭിച്ചതെന്നായിരുന്നു അനീഷിന്‍റെ വാദം. എന്നാൽ ദുബായിൽ നിന്നെത്തിയ യാത്രക്കാർ അനീഷിന് സ്വർണ്ണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. മൊബൈൽ ഫോണിന്‍റെ രൂപത്തിലാണ് 82 സ്വർണ ബിസ്ക്കറ്റുകൾ കടത്താൻ ശ്രമിച്ചത്. ഇത് അഞ്ചാം തവണയാണ് വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതെന്ന് അനീഷ് മൊഴി നല്‍കി. സ്വർണ്ണം കൈമാറിയ യാത്രക്കാരന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.