എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഈ നടപടി. നവോത്ഥാന മുന്നേറ്റങ്ങളെയും ഇന്ത്യയിലെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളെയുമാണ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റത്തിലും സ്ത്രീ വിമോചന ചരിത്രത്തിലും സുപ്രധാനമായ പങ്കുവഹിച്ച മാറുമറയ്ക്കല്‍ സമരവും ഒഴിവാക്കിയിരിക്കുകയാണ്. അക്കാലത്തെ സാമൂഹ്യനീതിയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന പുസ്തകമാണ് സികേശവന്‍റെ ജീവിതസമരം എന്ന ആത്മകഥ. അതിലെ ഭാഗങ്ങളും ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദളിതരും പിന്നോക്ക വിഭാഗങ്ങളും നടത്തിയ സമരങ്ങളെ ബോധപൂര്‍വം തമസ്കരിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്.
നവോത്ഥാന മൂല്യങ്ങളെ പാഠപുസ്തകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തി സമത്വത്തിന്‍റെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അവയെ തിരസ്കരിക്കുന്ന നടപടി എന്‍സിഇആര്‍ടിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് ഈ നാടിനെ സ്നേഹിക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.