ആലപ്പുഴ: കൊവിഡ് കാലത്ത് മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഓഫീസിന് മുന്നിൽ ഉപവാസം സംഘടിപ്പിച്ചു. നിരോധനാഞ്ജ ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങളും നിലനിൽക്കുന്നതിനാൽ അഞ്ച് പേർ മാത്രമാണ് ഉപവാസ സമരത്തിൽ പങ്കെടുത്തത്.
മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം സംഘടിപ്പിച്ചത്. ഓഖി ദുരിതാശ്വാസ ധനസഹായം രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ട് മാത്രമാണ് നൽകിയതെന്നും ഐസക്ക് മണ്ഡലത്തിൽ നിർജ്ജീവമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്‌തു നീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.