ആലപ്പുഴ : പൈതൃകപദ്ധതിയുടെ ഭാഗമായി പള്ളാത്തുരുത്തി വേമ്പനാട് കായലിൽ നിന്നും മുപ്പാലം വരെ വിളംബര ജലഘോഷയാത്ര നടത്തി.കനാലുകളിലെ ചെളി കോരി വൃത്തിയാക്കിയും പോളകൾ നീക്കം ചെയ്തും വശങ്ങളിലെ കാടുകൾ തെളിച്ചും സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം നഗരവാസികളെ അറിയിക്കുന്നതിനായാണ് വിളംബര ജലഘോഷയാത്ര നടത്തിയത്. ആലപ്പുഴയുടെ തനതായ പൈതൃകം സംരക്ഷിക്കുവാനും ആലപ്പുഴയുടെ പ്രൗഢിയെ പരമാവധി ഉയർത്തിക്കാട്ടാനുമാണ് പൈതൃകപദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായിട്ടുള്ള വിളംബര ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 ചെറുവള്ളങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വിളംബര ജലഘോഷയാത്ര സംഘടിപ്പിച്ചത്. മുത്തുകുടകൾ ചൂടിയ വനിതകളും തൊഴിലാളികളുമടങ്ങുന്ന ഒരു സംഘം ആളുകള്‍ ഘോഷയാത്രയിൽ സംബന്ധിച്ചു. വനിതകളുടെ ശിങ്കാരി മേളവും ചടങ്ങിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. ഫ്ലാഗ് ഓഫ് ചടങ്ങിൽ ആലപ്പുഴ പൈതൃകപദ്ധതിയുടെ നടത്തിപ്പുകാരായ മുസിരിസ് പ്രൊജക്റ്റ് മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, വാർഡ് കൗൺസിലർ ജെ എസ് പ്രസാദ്, മുസിരിസ് പ്രൊജക്ടിലെ മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.