ആലപ്പുഴ\ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ളക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന പണിയാണ് ശ്രീധരൻ പിള്ള ഇത്രയും കാലം ചെയ്‌തിരുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല കോളജിൽ എസ്എൻ ട്രസ്റ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ ജയിലായതിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്‍റെ ഔദ്യോഗിക പത്രക്കുറിപ്പിലാണ്. അക്കാര്യം പറയുക മാത്രമാണ് ചെയ്തത്. ഇതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ശ്രീധരൻപിള്ള തിരുവനന്തപുരത്ത് പറഞ്ഞു.
ശ്രീധരൻപിള്ളക്ക് തലയേയുള്ളൂ, തലച്ചോറില്ല. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രീധരൻപിള്ളയുടെ ഗ്രാഫ് ഇടിഞ്ഞിരിക്കുന്നു. തുഷാർ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായ വിഷയത്തിൽ ശ്രീധരന്‍ പിള്ളയുടെ സമീപനം അപക്വമെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തിയിരുന്നു. ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയെ കുടുക്കുകയായിരുന്നു. ഒത്തുതീർപ്പിനെന്ന് പറഞ്ഞ് വിദേശത്തേക്ക് വിളിച്ചുവരുത്തി തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ഇപ്പോഴുള്ള കേസ്. വിദേശത്ത് അറസ്റ്റിലായ തുഷാറിനെ പുറത്തിറക്കാന്‍ സഹായിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി മുരളീധരനുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ താനറിഞ്ഞിരുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. തുഷാറിന്‍റെ അറസ്റ്റ് സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസ് നേതാക്കളുടെ സമീപനത്തെയും വെള്ളാപ്പള്ളി ശക്തമായി വിമർശിച്ചു. രാഷ്ട്രീയ ഗൂഢാലോചനയെന്ന് തുഷാറും ആരോപിച്ചിരുന്നു. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി ചിദംബരത്തെ മതിൽ ചാടിക്കടന്നാണ് സിബിഐ അറസ്റ്റ് ചെയ്തതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.