ആലപ്പുഴ: തോമസ് ചാണ്ടിയുടെ ബാഗ് പിടിച്ചു എന്നതല്ലാതെ സഹോദരൻ തോമസ് കെ തോമസിന് എന്താണ് യോഗ്യതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ തീരുമാനം എന്ത് എടുത്താലും അതിനനുസൃതമായി ജനങ്ങൾ വോട്ടുചെയ്യാൻ നിർബന്ധിതമാവുന്ന രാഷ്ട്രീയ സാഹചര്യം ഇവിടെയുണ്ടാവുന്നത് ജനാധിപത്യമല്ല. മതാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചാണ്ടിയോട് സ്നേഹമുണ്ട്, പക്ഷേ അദ്ദേഹം മണ്മറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്‍റെ അനിയൻ ആ സീറ്റിന് വേണ്ടി വാദം ഉന്നയിച്ച് വന്നിരിക്കുകയാണ്. അത് കേട്ടപ്പോൾ ഉണ്ടായ പ്രയാസവും അവിടുത്തെ ജനങ്ങളുടെ വികാരവുമാണ് താൻ പങ്കുവെച്ചത്. തീപ്പെട്ടികൂടിൽ ആളെ കൊണ്ടുനടക്കാൻ തോമസ് കെ തോമസിന് സാധിക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
രാഷ്ട്രീയ കൂട്ടുകെട്ട് വരുമ്പോൾ എന്തുകൊണ്ടും ഇടതുപക്ഷത്തിന് നൂറുശതമാനം വിജയസാധ്യതയുള്ള കുട്ടനാട് സീറ്റ് ഇടതുപക്ഷം എടുക്കണമെന്ന് വെളളാപ്പളളി നടേശൻ പറഞ്ഞു. അതല്ലെങ്കിൽ ആ പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയെ മാത്രമേ നിർത്തൂ എന്ന് പറയുന്നു എന്നും ഹിന്ദുക്കൾ മഹാഭൂരിപക്ഷമുള്ള സ്ഥലമാണ് കുട്ടനാടെന്നും ഒട്ടേറെ പിന്നോക്കാർ അവിടെ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു.