ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്‍റെ ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് പറയാൻ കഴിയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക വികാരത്തിന്‍റെയും ഇടപെടലുകളുടെയും ഭാഗമായാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. സ്ഥാനാർഥികളുടെ സ്വാധീനത്തിലാണ് എല്ലായിടത്തും ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഭംഗിയായും ശക്തമായും ഇടപെട്ടിട്ടുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ പ്രതീതി ഉണർത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് മുന്നണികൾ നടത്തിയതെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് പലയിടത്തും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും മികച്ച രീതിയിലുള്ള പ്രകടനമാണ് പ്രചാരണത്തിലും മത്സരരംഗത്തും കാഴ്ചവച്ചതെന്നും വെള്ളാപ്പള്ളി വിലയിരുത്തി. എസ്എൻഡിപി യോഗത്തിന് ഈ തെരഞ്ഞെടുപ്പിൽ ഒരു നിലപാടും ഉണ്ടായിരുന്നില്ല. യോഗത്തിൽ പല രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട ആളുകളുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം വിഷയത്തിൽ യോഗം നിലപാട് പറയുന്നില്ലെന്നും എൻഎസ്‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. കണിച്ചുകുളങ്ങര ഹയർ സെക്കണ്ടറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിവ് പോലെ തന്നെ ഭാര്യ പ്രീതി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയ്ക്കുമൊപ്പമെത്തിയാണ് വെള്ളാപ്പള്ളി നടേശൻ വോട്ട് രേഖപ്പെടുത്തിയത്.